Kerala
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ രണ്ടു ടേം പൂർത്തിയാക്കിയ 23 പേരിൽ 21 പേരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഉടുന്പൻചോല എംഎൽഎ എം.എം. മണി, കൊല്ലം എംഎൽഎ മുകേഷ് എന്നിവർ ഒഴികെ എല്ലാവരോടും മത്സരിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നല്കിയിരിക്കുന്നത്.
അതേസമയം, പാർട്ടി നേരത്തെ തീരുമാനിച്ച പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകി മത്സരിപ്പിക്കും. ധർമടത്തുതന്നെയായിരിക്കും പിണറായി മത്സരിക്കുക.
കണ്ണൂരിൽ മുൻ മന്ത്രിയും മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎയുമായ കെ.കെ. ശൈലജ മത്സരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കേണ്ടന്നാണു നിർദേശം.
ഗോവിന്ദനു പകരം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ തളിപ്പറന്പിൽ എം.വി. ജയരാജൻ മത്സരിക്കും. മത്സരിക്കാൻ നിർദേശിച്ചവർ മണ്ഡലങ്ങളിൽ സജീവമാകാനും നിർദേശമുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് രണ്ടു ടേം നിബന്ധന ഒഴിവാക്കുന്നത്. കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഈ മാസം 16 മുതൽ 18വരെ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും.
കേന്ദ്രകമ്മിറ്റിയിലായിരിക്കും രണ്ടു ടേം വ്യവസ്ഥ ഒഴിവാക്കുന്ന നിർദേശം ഔദ്യോഗികമായി പ്രഖ്യാപിക്കുക.